Wednesday 26 October 2016

തിരിച്ചറിവിൻറെ വേദന








മറ്റൊരിക്കലായിരുന്നെങ്കിൽ വാർത്ത അയാളെ ഏറെ സന്തോഷിപ്പിച്ചേനെ, പക്ഷെ ഇന്ന് എന്താണെന്നറിയില്ല ചുണ്ടിൽ പുഞ്ചിരി വിരിയുന്നില്ല. മറിച് കണ്ണുനീർ തുള്ളികൾ മുഖത്തു ചാലുകൾ തീർക്കുന്നു. മനസ്സ് അസ്വസ്ഥമാണ് വല്ലാത്ത അസ്വസ്ഥത.
യൗവനത്തിന്റെ പക്വതയില്ലായ്മയോ അതോ സ്വന്തം തീരുമാനങ്ങളിലുള്ള അന്തമായ വിശ്വാസമോ? എന്താണെന്നറിയില്ല, നാടും വീടും ഉപേക്ഷിച്ചു പോവാൻ അയാളെ പ്രേരിപ്പിച്ചത്. അന്ന് അയാൾക്ക്നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ കരുതലും ഒരു നാടിൻറെ സ്നേഹവുംകൂടിയായിരുന്നു. ബന്ധങ്ങളെ അയാൾ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. സ്നേഹം, കരുണ, കരുതൽ എല്ലാം പുച്ഛത്തോടെ മാത്രം കണ്ടിരുന്ന വികാരങ്ങളും.ജീവിക്കാനായി പല ജോലികൾ ചെയ്തു. ഒടുവിൽ ഏറ്റവും ലാഭകരമായ ഒന്നിൽ അയാൾ നിലയുറപ്പിച്ചു. മൃതദേഹങ്ങളുടെ കച്ചവടം. ആദ്യം മുഖം ചുളിച്ചു മാത്രം കേൾക്കുന്ന ഒന്നാണെങ്കിലും തന്റെ പണസഞ്ചിയുടെ കനം വർധിപ്പിക്കാൻ ഇതിലും മികച്ച മറ്റൊരു കച്ചവടം ഇല്ലെന്നുതന്നെ അയാൾ നിസംശയം പറയുമായിരുന്നു.
അയാളെ തേടിവരുന്ന മൃതദേഹങ്ങൾക്കെല്ലാം എന്തെങ്കിലുമൊക്കെ കഥകൾ പറയാനുണ്ടായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ എന്തെങ്കിലുമൊക്കെ കഥകൾ പറയാനുള്ള മൃതദേഹങ്ങൾ മാത്രമേ അയാളെ തേടിയെത്തിയിരുന്നുള്ളു.അനാഥത്വത്തിന്റെ വഞ്ചനയുടെ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ ഉപേക്ഷിക്കപ്പെട്ടതിന്റെ വലിച്ചെറിയപ്പെട്ടതിന്റെ കഥകൾ. അല്ലെങ്കിലും തെരുവോരങ്ങളിലും കടത്തിണ്ണകളിലും സ്വന്തം ശരീരം ഉപേക്ഷിച്ചു പോകേണ്ടിവരുന്ന ആത്മാക്കൾക്ക് മറ്റെന്തു കഥകളാണ് പറയാനുണ്ടാവുക.
ഇന്നും ഒരു മരണ വാർത്ത അയാളെ തേടിയെത്തിയപ്പോൾ അയാൾക്കുണ്ടായ വികാരം മറ്റൊന്നായിരുന്നില്ല. കാരണം അയാൾ കേൾക്കാൻ ഇഷ്ടപ്പെട്ട ഏറ്റവും നല്ലവാർത്ത മരണവാർത്തയും കാണാൻ ആഗ്രഹിക്കുന്ന നല്ല കാഴ്ച ശവശരീരങ്ങളുമായിരുന്നു. കാരണം ഓരോ ശവശരീരരവും അയാളുടെ പണസഞ്ചിയുടെ കനം വർധിപ്പിച്ചുകൊണ്ടിരുന്നു
ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വിലപേശി ഉറപ്പിച്ചിട്ടാണ് അയാൾ ശരീരത്തിനടുത്തെത്തിയത്. എന്നാൽ മുഖം, അത് അയാളിൽ വല്ലാത്തൊരു ചലനമുണ്ടാക്കി. അന്നാദ്യമായി അയാളുടെ ചിന്തകൾ അയാളുടെ ആജ്ഞകളനുസരിക്കാതെ യഥേഷ്ടം സഞ്ചരിച്ചു. എല്ലാം അവസാനിച്ചത് അയാളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു. സ്വന്തം പിതാവിന്റെ ശരീരത്തിനാണ് താൻ വിലപേശി ഉറപ്പിച്ചതെന്ന തിരിച്ചറിവ് അയാളുടെ ഹ്ര്യദയത്തെ കുത്തിമുറിവേൽപ്പിച്ചുകൊണ്ടിരുന്നു.
അയാൾക്ക്വായിച്ചെടുക്കാനാവുന്നുണ്ട് സ്വന്തം പിതാവിന്റെ മൃതദേഹത്തിന് തന്നോട് പറയാനുള്ള കഥ.ഏക മകൻ നാടുവിട്ടതിനു ശേഷം തീര്ത്തും ഒറ്റപ്പെട്ട മാതാപിതാക്കൾ. സ്വാഭാവികമായും ബന്ധുക്കൾക്ക് അവർ ഭാരമായി. ജീവിതത്തിലെന്നും കൂടെയുണ്ടായിരുന്ന ഭാര്യയും മരണത്തിന്റെ കൈപിടിച്ചപ്പോൾ പിതാവ് തീർത്തും ഒറ്റപ്പെട്ടു. പിന്നെ ഒരു യാത്രയായിരുന്നു. നാടും നഗരവും കടന്നൊരു യാത്ര.ഒടുവിൽ ഏതോ ഒരു ദേശത്തു ഏതോ ഒരു തെരുവിൽ സ്വന്തം ശരീരത്തെ തനിച്ചാക്കി ആത്മാവും യാത്രപോയി.
ഇപ്പോൾ അയാൾക്ക്കുറ്റബോധം തോന്നുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി തോന്നുന്ന കുറ്റബോധം. നഷ്ടപ്പെടുത്തിക്കളഞ്ഞ സ്നേഹത്തെഓര്ത്തു, അനാഥമാക്കിയ മാതാപിതാക്കളെ ഓര്ത്തു പക്ഷെ അതുകൊണ്ടെല്ലാം ആർക്കെന്തു പ്രേയോചനം???